Popular Posts

Sunday, April 3, 2022

ഒററക്കൊരു നടത്തം

 കോവിദ് കാലത്തെ മടുപ്പ് മാറ്റാനാണ്  വൈകിട്ടത്തെ നടത്തം തുടങ്ങിയത്. വീട്ടിലിരുന്ന് പ്രാന്തു പിടിക്കുമെന്നായപ്പോഴുള്ള ഇറങ്ങി നടത്തം. ഇരുചക്രന്മാരുടെ ശല്യമൊഴിവാക്കാൻ കട്ട് റോഡുകളിൽ, വയലോരങ്ങളിൽ, തോട്ടുവരമ്പുകളിൽ നടന്നു. സമയ ബോധമൊഴിവാക്കി നടന്ന് നടന്ന് തുരുത്തുകളുടെ നാട്ടിലെത്തി. പുഴയുടെ സമീപമുള്ള ഒരു ചെറുദ്വീപ്. ഒരു ടീനേജ് കാട്ടുപെണ്ണിൻ്റെ നിഷ്ക്കളങ്കതയോടെ കുന്നിൻ്റെയും കുറ്റിക്കാടുകളുടെയും മറവിൽ ഒളിച്ച് നിൽക്കുന്ന പുഴ. അവളുടെ ലാവണ്യം നുകരാനും അൽപ്പം കാറ്റു കൊള്ളാനു മുദ്ദേശിച്ചാണ് ചെന്നത്. അപ്പോഴതാ അവിടെ പുൽപ്പരപ്പിൽ ഒരാൾ  ഒരു പുസ്തകം തുറന്ന് നെഞ്ചിൽ കമിഴ്ത്തി വെച്ച് ചത്ത പോലെ ചലനമറ്റ് കിടക്കുന്നു!

 കണ്ണ് പാതി അടഞ്ഞാണ്. വാ തുറന്നു കിടക്കുന്നു. കൈകൾ വശങ്ങളിൽ കുഴഞ്ഞു കിടക്കുന്നു.

ഒരു ഞെട്ടലോടെയാണ് 

 അടുത്തു ചെന്ന് നോക്കിയത്. പരിചയക്കാരനായ യുവകവി. ശ്വസനചലനം കണ്ടപ്പോൾ സമാധാനമായി. നെഞ്ചിൽ കമിഴ്‌ത്തി വെച്ചതയാളുടെ തന്നെ കവിതാ സമാഹാരം. സ്വന്തം കവിത വായിച്ചുറങ്ങിപ്പോയ കവി! ചിരിക്കാനാണ് തോന്നിയത്.

      ഇദ്ദേഹം ഒരു രസികൻ കഥാപാത്രമാണ്. നാട്ടിൽ എന്ത് ചടങ്ങുണ്ടെങ്കിലും കവി അവിടെ എത്തും. കുറേ കവിതകൾ ബൈ ഹാർട്ടു പഠിച്ചിട്ടുണ്ട്. ഏതു വേദിയിലും കയറിച്ചെന്ന് ചങ്കൂറ്റത്തോടെ കവിത ചൊല്ലും. അനുശോചന ചടങ്ങാണെങ്കിൽ ഒരു വിടപറയൽ കവിത. രാഷ്ട്രീയ യോഗമെങ്കിൽ ഒരു വിപ്ലവകവിത. അനുമോദനച്ചടങ്ങാണെങ്കിൽ ഒരനുമോദന കവിത. ചെല്ലുന്നിടത്തെല്ലാമൊന്ന് ചൊല്ലുന്നതാണ് കവിയുടെ സ്റ്റൈൽ. അതു കൊണ്ട് തന്നെ  നാട്ടിൽ നടക്കുന്ന എല്ലാ പരിപാടികളിലും സെലിബ്രിറ്റി മുഖമുള്ള കവിയെ ഉൾപ്പെടുത്താൻ  നാട്ടുകാർ നിർബ്ബന്ധിതരായി. ഇനി ഉൾപ്പെടുത്തിയില്ലെങ്കിലും  കവി ഹാജരുണ്ടാകും. വേദിയിലും എത്തും. രണ്ടു വാക്കു പറയും. കവിതയും ചൊല്ലും.

അത്തരമൊരു ചടങ്ങിൽ കവി പ്രസംഗിക്കുകയായിരുന്നു.  പ്രസംഗം കത്തിക്കയറിയപ്പോൾ സ്വന്തം മഹത്വം സംബന്ധിച്ച ചില കാര്യങ്ങൾ പറഞ്ഞത് നാട്ടുകാർക്ക് കവിയെപ്പറ്റിയുള്ള മതിപ്പ് പോകാനിടയാക്കി.

      മലയാളത്തിൻ്റെ മഹാകവി ഈസിചെയറിൽ മരിച്ചു കിടക്കുമ്പോൾ നെഞ്ചിൽ വായിച്ച നിലയിൽ കമിഴ്ത്തിവെച്ചത് തൻ്റെ കവിതാ സമാഹാരമാണെന്നായിരുന്നു അദ്ദേഹത്തിൻ്റെ വെളിപ്പെടുത്തൽ!

ഇത് കേട്ട യോഗാദ്ധ്യക്ഷൻ സ്വകാര്യം പറഞ്ഞത് യുവകവിക്കെതിരെ  നരഹത്യക്ക് കേസടുക്കണമെന്നായിരുന്നു.

കാരണം മഹാകവിയുടെ മരണകാരണം ഹാർട്ടറ്റാക്കായിരുന്നു!