Popular Posts

Sunday, May 22, 2011

മലയാളിപ്പെണ്ണിന്റെ മാറുന്ന മനോഭാവങ്ങൾ

    
 കോഴിക്കോട്ടെ   സ്റ്റാർ ഹോട്ടലിന്റെ റിസപ്ഷനിലാണ്‌ നാമിപ്പോൾ. മങ്ങിയ വെളിച്ചത്തിൽ ഒരു മെലിഞ്ഞു  വെളുത്ത പെൺകുട്ടി പ്രത്യക്ഷപ്പെട്ടു. കണ്ടാൽ ഒരു എയർ ഹോസ്റ്റസ്സിനെപ്പോലെ. മുഖം പാതി മാത്രമാണ്‌ വെളിയിൽ. കറുത്ത പാന്റും കറുത്ത കോട്ടും കറുത്ത ഷൂസും കഴുത്തൊപ്പം വെട്ടി നിർത്തിയ കറുത്ത മുടിയുമാണ്‌ പ്രഥമദൃഷ്ട്യാ കാണുക. വലതുവശം തിരിഞ്ഞാൽ വെളുത്ത മുഖത്തിന്റെ പാതി കാണാം.ബാക്കി പാതി മുടി പ്രത്യേക രീതിയിലിട്ട് മറച്ചിരിക്കുന്നു. വലതുപാതി മുടി, മുഖം പുറത്തുകാണാനായിപിന്നിൽ മാടിവെച്ചിട്ടുണ്ട്.  ഇടത്തെ കണ്ണും കവിളുമൊക്കെ പാതിമുടിയാൽ മറച്ച് ഒരു വിചിത്ര രീതിയിലുള്ള നടപ്പും നില്പ്പും.  ഹോട്ടലിലെത്തുന്നവരെ സ്വീകരിച്ച് മുറിയിലേക്കാനയിക്കലാണ്‌ ഇവളുടെ ജോലി.
        ഇതാ അവൾ നേരെ വരികയാണ്‌.ഒരു ബ്ളാക് & വൈറ്റ് ചിത്രത്തിന്‌ ജീവൻ വെച്ച പോലെ. 
        ആർ യു വെയിറ്റിങ്ങ് എനിവൺ സാർ?”
        ഉം
        മലയാളക്കരയിൽ ഇംഗ്ളീഷ് പറയുന്നവരോടുള്ള സ്വതസിദ്ധമായ പുഛത്തോടെ മൂളി.ഒറ്റക്കണ്ണു കൊണ്ടുള്ള അവളുടെ നോട്ടം എനിക്കു അരോചകമായിത്തോന്നി. പഴയ പ്രേതസിനിമയിലെ കഥാപാത്രം മുടിയഴിച്ചിട്ട് അതിനിടയിലൂടെ നോക്കും പോലെ.
        പെട്ടെന്നവൾ തലയൊന്നു വെട്ടിച്ചു. മുഖം പൂർണ്ണമായും മൂടാൻ തുടങ്ങിയ മുടിയിഴകളെ വശത്തേക്കൊതുക്കാനായിരുന്നു അത്. ഈ ആക്‌ഷൻ എവിടെയോ പരിചയമുള്ള പോലെ തോന്നി.
        ഒരു ചാനലിലെ റിയാലിറ്റിഷോ അവതാരകയുടെ മുഖം ഓർമയിലെത്തി.അതു തന്നെ ഇത്.  കഴുത്തുളുക്കിയതുപോലെ ഇടക്കിടെ മുഖം വെട്ടിച്ച് മുടി ഒരു വശത്തേക്കാക്കുന്ന ഇന്നത്തെ മലയാളിപ്പെൺകുട്ടികളുടെ റോൾ മോഡൽ.  അല്പം കൂടി കടന്ന കൈയാണിതെന്നു തോന്നി.മുഖം ഒരു ഭാഗം മൂടി ഒറ്റക്കണ്ണു കൊണ്ടുള്ള നോട്ടം!  കാണുന്നവർക്ക് വല്ലാത്ത  അരോചകദൃശ്യം. കൃഷ്ണമണിയില്ലാത്ത കണ്ണുകൊണ്ടു നോക്കുന്നത്ര ഭീതിദമായിരുന്നു ആ കാഴ്ച.         കുളിച്ച് മൂടിയുണക്കി കെട്ടിവെച്ച് തുളസിക്കതിർ ചൂടിയ ശാലീനത മലയാളിപ്പെണ്ണിന്റെ മുഖമുദ്രയാണ്‌.സമൃദ്ധമായ കേശഭാരം സൌന്ദര്യ ലക്ഷണവുമാണിവിടെ.  നിതംബം മറയുന്ന മുടിയുള്ളവൾ ഞങ്ങളുടെയൊക്കെ കൊതിപ്പിക്കുന്ന വധുസങ്കല്പമായിരുന്നു.
         എന്നാൽ വിദേശസ്ത്രീകൾ കഴുത്തൊപ്പം മുടി വെട്ടി ബോബ് ചെയ്യുകയാണ്‌ പതിവ്.  ഇത്
ഹിന്ദി സിനിമകളിലും മറ്റും കണ്ട് അനുകരിച്ച് ഫാഷൻ സങ്കല്പമായി നമ്മുടെ ചാനലുകളിലുമെത്തി.ഈ മാതൃകയാണ്‌ ഫാഷൻ ഭ്രാന്ത് മൂത്ത നമ്മുടെ ചില പുതുതലമുറക്കാരികൾ വികലമായി അനുകരിച്ച് കൊണ്ടുനടക്കുന്നത്.ഭംഗിയായി കെട്ടിയൊതുക്കി വെച്ച മുടി മലയാളിപ്പെണ്ണിന്റെ ആഭിജാത്യമാണ്‌.അതവളുടെ ശാലീനതക്ക് മാറ്റുകൂട്ടുന്നു.
         ഇവിടെ കണ്ട ഈ കഴുത്തുളുക്കിയ പോലുള്ള തലവെട്ടിക്കൽ, മാടിയൊരു വശത്തിടുന്ന ആവർത്തനവിരസമായ  ദൃശ്യം,   ഒറ്റക്കണ്ണുകൊണ്ടുള്ള നോട്ടം - എല്ലാം അരോചകവും വികലവും തന്നെ.നമ്മുടെ പെൺകുട്ടികളിൽ മലയാളിത്തവും നഷ്ടസ്വപ്നമാകുകയാണോ?