വെള്ളരിക്ക പോലൊരു ജീവിതം
അതൊരൽഭുതക്കാഴ്ചയായിരുന്നു.
പടിഞ്ഞാറ്റമുറിയിലെ സീലിങ്ങിൽ വെള്ളരിക്ക വിളഞ്ഞു തൂങ്ങി നിൽക്കുന്നു. താഴെ നിലത്തിട്ട
പായിൽ മലർന്നു കിടന്ന് ഇത് അന്തം വിട്ടു നോക്കിയിരിക്കെയാണ് ബാല്യം പടിയിറങ്ങി പോകുന്നത്
ജനാലയിലൂടെ കണ്ടത്. രാത്രി .ചിമ്മിണിവിളക്കിന്റെ
വെളിച്ചത്തിൽ ഓരോ വെള്ളരിക്കയും പൊൻ നിറമാകും. താഴെ ഉറങ്ങാൻ കിടക്കുന്ന എന്റെ നെഞ്ചിലേക്ക്
ഇത് പൊട്ടി വീഴുമോ എന്ന് പേടി തോന്നും ചിലപ്പോൾ.
പക്ഷേ വിഷു കഴിഞ്ഞാലും മാസങ്ങളോളം അവ കേടുവരാതെ ഐശ്വര്യത്തോടെ തൂങ്ങിക്കിടക്കും.
അമ്മ ഓരോ ദിവസവും ഓരോന്നായെടുത്ത് പുളിങ്കറി വെച്ചു തീർക്കും വരെ. വയലിൽ വിളഞ്ഞു കിടക്കുന്ന ഇവ ആരാണ് ഇത്ര കലാപരമായി
സീലിങ്ങിൽ തൂക്കിയിടുന്നതെന്ന് ആലോചിച്ച് തുമ്പില്ലാതായിട്ടുണ്ട്. ഒരിക്കൽ ബെഞ്ചിൽ
കയറി അവ എത്തിപ്പിടിക്കാൻ ശ്രമിച്ച് നോക്കി. ഒരു വെള്ളരിക്ക സ്പർശിച്ചതും ബാലൻസ് തെറ്റി
ബെഞ്ച് മറിഞ്ഞു വീണു. വെള്ളരിക്ക വീണില്ല. ഒരിക്കലും അവ തനിയേ പൊട്ടിവീഴാറില്ല.
പക്ഷേ ഒരു ദിവസം രാവിലെ ഒരു വെള്ളരിക്ക ഞെട്ടറ്റ്
നിലത്ത് വീണ് പിളർന്നു കിടക്കുന്നത് കണ്ടാണ്
ഞാനുണർന്നത്. അന്ന് വീട്ടിൽ കുറേ ആൾക്കാർ വന്നു. പുലരുമ്പോഴേക്കും ദൂരെയുള്ള അമ്മാവന്മാരും ഇളയമ്മമാരും കുട്ടികളുമൊക്കെ
എത്തി. ഒന്നും തിന്നാൻ കിട്ടാതെ വിശപ്പേറിയപ്പോൾ ഞാൻ താഴെ പറമ്പിലേക്കോടി. കശുമാവിൽ നിന്ന് രണ്ട് മാങ്ങ പറിച്ചുതിന്ന് പശിയടക്കാൻ. പക്ഷേ രണ്ടു പണിക്കാർ
അവിടെയുള്ള മാവ് വെട്ടുന്നതാണ് കണ്ടത്.
തിരിച്ചോടി വീട്ടിലെത്തി. അവിടെ നിറയെ ആൾക്കാർ.എല്ലാരുടെയും
മുഖത്ത് വലിയ ഗൌരവം. ഒടുവിൽ വടക്കെ മുറിയിൽ കിടന്ന അമ്മമ്മയെ ആരൊക്കെയോ ചേർന്ന് എടുത്ത്
എങ്ങോട്ടോ കൊണ്ടുപോയി. പിന്നെ അമ്മമ്മയെ കണ്ടിട്ടില്ല. വെള്ളരിക്കയെ ഭയന്ന് പിന്നെ
പടിഞ്ഞാറ്റ മുറിയിലുറങ്ങിയിട്ടില്ല. .
ithe vellarikkakal ente visha vaidyan enna kathayilundu.. baalya kaalayhinte nanutha ormakalil ennum raavilathe kanchikku koottan amma undaakkunna vellari varavu kootti matuthu poya aa dinangal.. athe anubhavangal yellavarkkum orupole..nandi
ReplyDeleteithe vellarikkakal ente visha vaidyan enna kathayilundu.. baalya kaalayhinte nanutha ormakalil ennum raavilathe kanchikku koottan amma undaakkunna vellari varavu kootti matuthu poya aa dinangal.. athe anubhavangal yellavarkkum orupole..nandi
ReplyDelete